കരകളെ തൊടുന്ന കനിവിന്റെ കൈപ്പരപ്പാണ് ജലം. പ്രക്യതിയുടെ കാണാൻ കഴിയുന്ന സന്മനസ്സ്. പ്രാപ്യമായ സാന്ത്വനചികിത്സ. അഴുക്കുകളെ ഉള്ളിൽ അലിയിച്ചുകളയുന്ന ആത്യന്തികമായ കറനാശിനിയും ജലബോധം തന്നെ. ലവണാസുരത്വം പോലും വികാരവിക്ഷോഭങ്ങൾക്ക് അടിപ്പെടാതെ ഉള്ളിലടക്കുന്ന കടൽ പോലെ വിശാലമായ അമ്മപ്പരപ്പ് വേറെ എന്തുണ്ട്? ഭൂമിയുടെ പിടച്ചൊഴുകുന്ന ഞരമ്പുകളാണ് നദികൾ. ജീവന്റെ രൂപാന്തര പരിസരങ്ങളിൽ പ്ലാസ്മാന്വിതമായി അതിനു കൂട്ടുകിടക്കുന്നതും ഈ ജലകോശം(ജല്ലികോശം) തന്നെ. ഒരു പക്ഷേ പ്രപഞ്ചം നമുക്കായി ഒരുക്കിയ ആദ്യത്തെ ആഗോള നെറ്റ് വർക്ക് സംവിധാനവും ഈ ഭൂഗർഭജലം തന്നെ. തുരന്നെടുക്കുന്നത് ഏതു നരകാസുരനായാലും ഇനിയെങ്കിലും പറയുക- അരുത്. വാൽമാക്രി തന്നെയാണ് പ്രക്യതിയുടെ വാൽക്കണ്ണാടി. തവളക്കാലം പോയൊരുകാലത്തിൽ നമ്മൾ അഭയമറ്റ ജീവികളാവും. അപ്പോൾ രക്ഷയ്ക്കായുള്ള ‘ഉഭയസാധ്യത’യും അന്യമായിരിക്കും. അഴിമുഖങ്ങളെ അഴുക്കുകളിൽ നിന്നും തിരിച്ചെടുക്കുക. നദികൾ നമ്മോട് നന്ദി പറയുന്ന കാലത്തിലേയ്ക്ക് തിരിഞ്ഞുകിടക്കുക... അവനവന്റെ തന്നെ ജീവനെ കൊത്തിപ്പറിക്കുന്ന പിരാനകൾ ആവാതിരിക്കുക..RIVERSE OUR RIVERS..