Saturday, March 4, 2017

എൻഡോസഫാനൊന്നും ഒന്നുമല്ല, നമ്മുടെ ഉള്ളിലെ സ്വാർഥതയുടെയും സഹജീവികളോട് കാട്ടുന്ന കപടമായ കാരുണ്യത്തിന്റെയും മുന്നിൽ! ഇരകളെ നേരിട്ടു കാണുന്നത് ഇതാദ്യമായാണ്. കാണാനുള്ള മന:ശക്തിയില്ല എന്ന് ഏറ്റുപറയുന്നു. പക്ഷേ കണ്ടിട്ടും കണ്ണിൽ നിന്നും മായാത്ത മറ്റുചിലതുണ്ട്: ചരിത്രത്തിൽ നിന്നും മണ്മറഞ്ഞുപോയ പുരാവസ്തുക്കൾക്കൊപ്പമോ, ഉപദ്രവിക്കാത്ത ശിലായുഗജീവികൾക്കൊപ്പമോ നിന്ന് ഒരു സെൽഫി എടുക്കാൻ പറ്റുന്ന ലാഘവത്തോടെ നമ്മുടെ നായകനരസിംഹങ്ങൾ മിന്നിമറയുന്ന മീഡിയ ചാത്തന്മാരുടെ മുന്നിൽ കണ്ണുനനയ്ക്കുന്നത്! ആർദ്രത ഉള്ളിൽ‌പ്പേറുന്നവരെ കൂട്ടത്തിൽ നിന്നും വേർതിരിച്ചറിയാൻ നന്നേ പാടുപെടേണ്ടിവന്നു. യുഗപുരുഷന്മാരുടെ ഫോട്ടം പിടിക്കാൻ ചാത്തന്മാരുടെ തള്ള് വേറെ! തൊട്ട് ഇടതുവശത്തായി പന്തലിൽ ഒരേ നിർവികാരം പങ്കിട്ട് മുതിർന്നുപോയെങ്കിലും ബാലചാപല്യത്തോടെ മടിയിൽക്കിടന്ന് ഓരോന്ന് കാട്ടിക്കൂട്ടുന്ന പ്രിയപ്പെട്ട കുഞ്ഞുങ്ങളെ തലോടുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അമ്മമാർ...വികസനം, മനുഷ്യനെയല്ല വാർത്തെടുക്കുന്നത്, ‘സ്പെസിമെനു’കളെയാണ്. മിന്നും വെളിച്ചം കണ്ടാൽ ഹാലിളകി എന്തും അടിച്ചുപൊട്ടിച്ചുകളയാനോ ഉടച്ചുവാർക്കാനോ അല്ലാതെ, ഈ വക വിഷത്തളിപ്പുകൾ മാനത്തുനിന്നും മാനവന്റെ തലയ്ക്കുമേലെ വീഴാതിരിക്കുവാനുള്ള കരുതൽചിന്തകൾ ഈ കരളുകളിൽ നിന്നും എന്നാവും പൊട്ടിമുളയ്ക്കുക?

No comments:

Post a Comment